തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയോടനുബന്ധിച്ച് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022 ലെ പ്രേംദേശ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കലാ സാമൂഹിക സാംസ്ക്കാരിക മാധ്യമരംഗത്തെ പ്രതിഭകൾക്കാണ് പുരസ്ക്കാരങ്ങൾ. മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രേംദേശ് പുരസ്ക്കാരത്തിന് ‘ജന്മഭൂമി’ ലേഖകൻ ശിവാകൈലാസ് അർഹനായി. ചെങ്കൽ രാജശേഖരൻ നായർക്കാണ് മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്ക്കാരം. കലാരംഗത്ത് ഗാനരചയിതാവ് കെ. പി ഹരികുമാർ, നേതാജി സന്ദേശവുമായി ഭാരതപര്യടനം നടത്തിയ വിമുക്തഭടൻ ഗോപാലകൃഷ്ണൻ നായർ (റോബിൻ), കെ.റ്റി രാജു നാരായണൻ എന്നിവരും പ്രേംദേശ് പുരസ്ക്കാരങ്ങൾക്ക് അർഹരായി. കവി കുന്നത്തൂർ ജെ. പ്രകാശ് ചെയർമാനും മായ വി.നായർ, സുൽഫി ഷഹീദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. 10001 രുപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്ക്കാരം. നേതാജി ജയന്തി ദിനമായ 23ന് മന്ത്രി ആൻ്റണി രാജു പുരസ്ക്കാരങ്ങൾ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് എം.എൻ ഗിരി, സെക്രട്ടറി പൂവച്ചൽ സുധീർ എന്നിവർ അറിയിച്ചു
