പീഡന പരാതിയില്‍ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇദ്ദേഹത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.
കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് നേരത്തെ കേസെടുത്തിരുന്നത്.
ബലാല്‍സംഗ കുറ്റം ചുമത്തിയാണ് ശ്രീകാന്തിനെതിരെ കേസെടുത്തത്. പിന്നാലെ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍ പോയെന്നായിരുന്നു പൊലീസ് പറഞ്ഞത്. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റില്‍ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയും നല്കി.
