ന്യൂഡൽഹി ∙ കിഴക്കൻ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന എഴുനൂറിലേറെ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടരുന്നു. സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഉടൻ ഇന്ത്യയിൽ എത്തിക്കാനാകുമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.തയാറായിരിക്കണമെന്ന നിർദേശം വിദ്യാർഥികൾക്കു നൽകിയിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.മനുഷ്യത്വ ഇടനാഴികൾ തുറന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി യുക്രെയ്നിലെ നാലു നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വി. മുരളീധരന്റെപ്രതികരണം. തലസ്ഥാന നഗരമായ കീവ്, തുറമുഖ നഗരമായ മരിയുപോൾ,മലയാളി വിദ്യാർഥികളടക്കം കുടുങ്ങി കിടക്കുന്ന ഹർകീവ്,സുമി എന്നിവിടങ്ങളിലാണു താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30ന് വെടിനിർത്തൽ നിലവിൽ വന്നു. സുരക്ഷിത പാതയൊരുക്കാന്‍ സാധിക്കാത്തതിനാൽ സുമിയിൽ കുടുങ്ങിക്കിടക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചിരുന്നു. യുക്രെയ്നിലുള്ള ഇന്ത്യക്കാർ തങ്ങളുടെ പേരും മൊബൈൽ നമ്പരും ഇമെയിലും നിലവിലെ വിലാസവും പാസ്പോർട്ട് വിവരങ്ങളും ഓൺലൈൻ വഴി കൈമാറാൻ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ആരൊക്കെ എവിടെയൊക്കെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കണ്ടെത്താനാണിത്. രൂക്ഷ പോരാട്ടം നടന്ന ഹർകീവിലെ രക്ഷാദൗത്യം ഏറെക്കുറെ പൂർത്തിയായെങ്കിലും സുമിയിൽ കഴിയുന്നവരുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു….
