കൊച്ചി. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പുതുമുഖ സംവിധായകൻ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിയുമൊത്തു ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തി.ഇന്നു മജിസ്ട്രേട്ടിനു മുൻപിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുള്ള ഒരുക്കത്തിലാണു പൊലീസ്.യുവതി പരാതി നൽകിയ ഇൻഫോപാർക്ക് സ്റ്റേഷൻ പൊലീസാണു പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്ലാറ്റിലാണ്.ഇതിനാൽ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പൊലീസിനു കൈമാറും.ലിജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.പരാതി നൽകിയ യുവതി ലിജുവുമായുള്ള ബന്ധത്തെപ്പറ്റിയും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെപ്പറ്റിയും ഇന്നലെ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താൻ സഹകരിച്ചിരുന്നുവെന്നു കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.സംഭാഷണങ്ങൾ എഴുതുകയും ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിങ് നിർവഹിക്കുകയും സിനിമ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായി കത്തിടപാടുകൾ നടത്തുകയും ചെയ്തു.തിരക്കഥയിൽ ഏറെ മാറ്റങ്ങൾ വരുത്താനും സഹായിച്ചു.എന്നാൽ, ഇതിനൊന്നും പ്രഫഷനൽ രീതിയിലുള്ള അംഗീകാരം നൽകിയില്ലെന്നും യുവതി പറയുന്നു.
