തിരുവനന്തപുരം; യൂണിഫോമിലെത്തി ജ്വല്ലറിയില്‍ നിന്ന് പണം കവര്‍ന്നത് സ്കൂള്‍ വിദ്യാര്‍ത്ഥിനി.
നെയ്യാറ്റിന്‍കരയിലെ ജ്വല്ലറിയില്‍ നിന്നാണ് വിദ്യാര്‍ത്ഥി പട്ടാപ്പകല്‍ കാല്‍ലക്ഷം രൂപ കവര്‍ന്നത്. കോളജ് വിദ്യാര്‍ത്ഥിയായിരിക്കും എന്നാണ് ആദ്യം കരുതിയത്. യൂണിഫോം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഉച്ചയോടെ സ്റ്റേഷനിലേക്കും കൂട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടിയെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. നഷ്ടപ്പെട്ട പണം മടക്കി നല്‍കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ ജ്വല്ലറി ഉടമ പരാതി നല്‍കിയില്ല.
തീരദേശത്തെ ഒരു സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം യൂണിഫോം ധരിച്ചാണ് മോഷണം നടത്തിയത്. ബ്യൂട്ടി പാര്‍ലറില്‍ നിന്നും സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതും ആളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചു. മോഷ്ടിച്ച പണം കൊണ്ട് ബ്യൂട്ടിപാര്‍ലറില്‍ കയറി പെണ്‍കുട്ടി മുടി സ്ട്രെയ്റ്റന്‍ ചെയ്തിരുന്നു.
രാവിലെ പല്ലുവേദന എന്ന പേരിലാണ് പെണ്‍കുട്ടി സ്കൂളില്‍ നിന്നും പുറത്തിറങ്ങുന്നത്. നെയ്യാറ്റിന്‍കരയില്‍ എത്തിയ പെണ്‍കുട്ടി ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ബ്യൂട്ടിഷന്‍ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാര്‍ഥിനി തിരിച്ചുപോയി. സമീപത്തെ ഒന്നിലധികം മൊബൈല്‍ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവര്‍ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങള്‍ വില്‍ക്കുന്ന ജ്വല്ലറിയില്‍ എത്തിയതും പണം കവര്‍ന്നതും. ഇതിനുശേഷമാണ് ബ്യൂട്ടി പാര്‍ലറില്‍ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി.
നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടന്നത് വ്യാപാരികളെ ഞെട്ടിച്ചിരുന്നു. ജ്വല്ലറിയിലെ 2 പേരില്‍ ഒരാള്‍ ബാങ്കില്‍ പോയപ്പോഴാണ് സംഭവമുണ്ടായത്. മറ്റെയാള്‍ ജ്വല്ലറിയിലും ഉണ്ടായിരുന്നെങ്കിലും മരുന്നു കഴിച്ചതിനെ തുടര്‍ന്നു മയങ്ങിപ്പോയി. ജ്വല്ലറിയില്‍ എത്തിയ യുവതി, ആളില്ലാത്ത കൗണ്ടറില്‍ നിന്ന് ഒരു പഴ്സ് പുറത്തെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് അതു തിരികെ വച്ച ശേഷം മേശയ്ക്കുള്ളില്‍ നിന്ന് ഒരു കെട്ട് നോട്ട് എടുക്കുകയായിരുന്നു.
