കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ് മുന്‍പ് തന്നെയും ആക്രമിച്ചിരുന്നെന്ന്, കൊല്ലപ്പെട്ട നോറ മരിയയുടെ മാതാവ് ഡിക്സി.
ഭര്‍ത്താവ് സജീവ് പറഞ്ഞതിന്റെ നേര്‍വിപരീതമായാണ് യുവതിയുടെ മൊഴി. പാറക്കടവു കോടുശേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് ജോണ്‍ ബിനോയ് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു. തന്റെ മുറിയുടെ കതക് ചവിട്ടി തുറന്നാണ് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അന്ന് ഭര്‍ത്താവ് സജീവ് വീട്ടിലുണ്ടായിരുന്നു.
എന്നാല്‍, തന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയോ ജോണ്‍ ബിനോയി ഡിക്രൂസിനെ തടയുകയോ ചെയ്തില്ല. ഇതേതുടര്‍ന്നാണ് താന്‍ കറുകുറ്റിയിലെ തന്റെ വീട്ടിലേക്കു പോന്നതെന്നു ഡിക്സി പറഞ്ഞു. ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ കഴിയാതായതോടെ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഇതിനാലാണ് താന്‍ വിദേശത്തേക്ക് പോയത്. കുഞ്ഞുങ്ങളെ തന്റെ വീട്ടില്‍ നിര്‍ത്താന്‍ ഭര്‍ത്താവ് സമ്മതിച്ചില്ല. വിദേശത്തുനിന്നു തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ മക്കളെ ജീവനോടെ കാണില്ലെന്നു സജീവ് മുന്നറിയിപ്പു നല്കിയെന്നു ഡിക്സി പറഞ്ഞു.
എന്നാല്‍, സജീവ് ഇതിനു ഘടകവിരുദ്ധമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. താന്‍ കാലുപിടിച്ചു പറഞ്ഞിട്ടും ഡിക്സി വിദേശത്തു പോയെന്നാണ് സജീവ് പറഞ്ഞത്. അതേസമയം, സജീവ് ഷാജി-ഡിക്സി ഡേവിഡ് ദമ്ബതികളുടെ മകളായ നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ദമ്ബതികളുടെ രണ്ട് കുട്ടികളും സജീവന്റെ അമ്മയായ സിപ്സിയുടെ സംരക്ഷണയിലായിരുന്നു. സിപ്സിയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസി(27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം, അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍, കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച് പൊലീസിന് മൊഴിനല്‍കി. ദമ്ബതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
