ചെന്നൈ: രജനീകാന്തിന് ആദ്യമായി ആരാധകസംഘടന രൂപവത്കരിച്ച എ.പി. മുത്തുമണി (63) അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. മധുര മുത്തുമണി എന്നറിയപ്പെട്ട മുത്തുമണി രജനീകാന്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ആരാധകനാണ്.മുത്തുമണിയുടെ വിവാഹം നടത്തിയത് രജനിയുടെ നേതൃത്വത്തിലായിരുന്നു. രജനീകാന്ത് നായകവേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നതിന് മുമ്പ് 1977-ലാണ് മുത്തുമണി മധുരയിൽ ആരാധക സംഘടനയുണ്ടാക്കിയത്. 1984-ൽ പുറത്തിറങ്ങിയ ‘അൻപുള്ള രജനീകാന്ത് ’ സിനിമയിലെ ‘മുത്തുമണി ചൂടരേ വാ’ എന്നുതുടങ്ങുന്ന പാട്ട് മുത്തുമണിക്കായി രജനീകാന്ത് സമർപ്പിച്ചു. വിവാഹം സൂപ്പർതാരത്തിന്റെ നേതൃത്വത്തിൽ നടത്തണമെന്ന് മുത്തുമണി ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്ന് 1993-ൽ വധൂവരന്മാരെ ചെന്നൈയിലെ വീട്ടിൽ വിളിച്ചുവരുത്തി ചടങ്ങ് നടത്തി. പോയസ് ഗാർഡനിലെ രജനിയുടെ വീട്ടിലെ പൂജാമുറിയിലായിരുന്നു താലികെട്ട്.കുറച്ചുകാലം മുമ്പ് രോഗംപിടിപെട്ടപ്പോൾ മധുരയിൽനിന്ന് ചെന്നൈയിലെത്തിച്ച് ചികിത്സനൽകാൻ രജനി സൗകര്യമൊരുക്കിയിരുന്നു. 2020-ൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഫോണിൽവിളിച്ച് രജനി ആരോഗ്യവിവരം തിരക്കി. ഇതോടെ മുത്തുമണിയുടെ ക്ഷീണാവസ്ഥമാറിയെന്ന് വീട്ടുകാർവെളിപ്പെടുത്തി.ഭാര്യ: ലക്ഷ്മി. മകൾ: സായ് ഹരിണി…
