പന്തളം: കാറില്‍ നിന്നും താഴെ വീണ പണമെടുത്ത് കാറിനു പിന്നാലെ ഓടി ഉടമയ്ക്ക് നല്കി യുവാവ്. ഫൈസല്‍ വാഹിദ് എന്ന ചെറുപ്പക്കാരനാണ് കാറില്‍ നിന്നും വീണ 50,000 രൂപ കൈമാറി മാതൃകയായത്.
തുമ്ബമണ് സ്വദേശി സണ്ണിയുടെ കാറില്‍ നിന്നുമാണ് പണം താഴെ വീണത്.
ഇന്നലെ 4ന് പന്തളം ജംക്ഷന് കിഴക്ക് യൂണിയന് ബാങ്കിനു സമീപത്താണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ മുളക്കുഴ വാഹിദ് മന്‍സിലില്‍ ഫൈസല്‍ (24), ബന്ധുവിനൊപ്പം സമീപമുള്ള കണ്ണാശുപത്രിയില്‍ എത്തിയതായിരുന്നു. ദുബായില്‍ ജോലി സംബന്ധമായി ഇന്ന് എറണാകുളത്ത് ഇന്റര്‍വ്യൂവിനു ഹാജരാകുന്നതിനു മുന്നോടിയായാണ് പരിശോധനയ്ക്കെത്തിയത്.
ആശുപത്രിക്ക് പുറത്ത് ഫോണ്‍ ചെയ്തു നില്‍ക്കുന്നതിനിടെയാണ്, നിര്‍ത്തിയിട്ട കാര്‍ ഓടി തുടങ്ങിയപ്പോള്‍ പണം താഴെ വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ പണമെടുത്ത ഫൈസല്‍, അതുമായി കാറിനു പിന്നാലെ ഓടി. 100 മീറ്ററോളം പിന്നിട്ടപ്പോള്‍ യുവാവ് ഓടിവരുന്നത് ശ്രദ്ധയില്‍പെട്ട സണ്ണി, കാര്‍ നിര്‍ത്തി വിവരം തിരക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഫൈസലിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച അദ്ദേഹം നന്ദി പറഞ്ഞാണ് പിരിഞ്ഞത്. തുമ്ബമണ് പഞ്ചായത്ത് അംഗം തോമസ് ടി.വര്‍ഗീസ് ഉള്‍പ്പെടെ ഒട്ടേറെ പേര് ഫൈസലിന് അനുമോദനം അര്‍പ്പിച്ചു.
