ന്യൂഡൽഹി: രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ ചിരാഗ് ദില്ലിയിലാണ് സംഭവം. ഞായറാഴ്ചയാണ് അമ്മ ഡിംപിൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ഓവനിൽ വെച്ചതാണെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണ്മാനില്ലെന്ന പരാതി ലഭിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടിന്റെ രണ്ടാംനിലയിൽ അന്വേഷണത്തിന് എത്തിയപ്പോഴാണ് ഓവനിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
തുടരന്വേഷണത്തിന്റെ ഭാഗമായി, കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ വീട്ടിലുള്ള എല്ലാവരെയും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ ഇടയിൽ കുഞ്ഞിന്റെ അമ്മ കുഴഞ്ഞ് വീണതായി അഭിനയിച്ചു. എന്നാൽ പിന്നീട് അത് അവരുടെ നാടകമായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തിൽ അന്വേഷണം വഴിമുട്ടിനിന്നപ്പോൾ, പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് അന്വേഷണത്തിന്റെ ഗതിമാറ്റിയത്.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പ്രകാരം കുഞ്ഞ് ഞായറാഴ്ചയാണ് മരിച്ചതെന്ന് തെളിഞ്ഞു. തെളിവുകൾ നശിപ്പിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഒരു രാത്രി മുഴുവൻ കഴിഞ്ഞിട്ടാണ് കുഞ്ഞിന്റെ മൃതദേഹം ഓവനിൽ വെച്ചത്. കുഞ്ഞിന്റെ കരച്ചിലും കളിയും കാണാതായപ്പോൾ വീട്ടുകാർ കുട്ടിയെ അന്വേഷിച്ചിറങ്ങി, അപ്പോഴാണ് പിടിക്കപ്പെടുമോ എന്ന ഭയത്താൽ അമ്മ മൃതദേഹം ഓവനിൽ വെച്ചതെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ പോലീസ് അമ്മയെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിലേയ്ക്ക് നയിക്കാൻ ഇടയായ കാരണം ഇനിയും വ്യക്തമല്ല. കുഞ്ഞിനെ വാഷിംഗ് മെഷീനിൽ ഇട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പോലീസിന്റെ സംശയം ശരിവെയ്ക്കുന്ന മുറിവുകളാണ് കുഞ്ഞിന്റെ ദേഹത്തുള്ളത് എന്ന് മെഡിക്കൽ ഉദ്യോഗസ്ഥർ അറിയിച്ചു.
