കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചതിന് പിന്നിൽ പ്രണയം തകർന്നതിന്റെ പക. വളയം സ്വദേശി രത്നേഷ് ആണ് മരിച്ചത്. വീടിന് തീവെച്ച് യുവതിയേയും കുടുംബത്തേയും കൊല്ലാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാം നിലയിൽ കയറി മുറിയിൽ തീവെയ്ക്കുകയായിരുന്നു. വീടിന് തീ പടരുന്നത് കണ്ട അയൽവാസികൾ നിലവിളിച്ചതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനുള്ളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ഇതിനിടെ യുവതിയ്ക്കും അമ്മയ്ക്കും സഹോദരനും സഹോദരഭാര്യയ്ക്കും പൊള്ളലേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തീ കൊളുത്തി എല്ലാവരേയും കൊലപ്പെടുത്താനാണ് യുവാവ് എത്തിയത്. കൃത്യസമയത്ത് അയൽക്കാർ തീ പടരുന്നത് കണ്ടതാണ് എല്ലാവർക്കും രക്ഷയായത്. രത്നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇയാളുമായുള്ള ബന്ധത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതാണ് വൈരാഗ്യത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. യുവാവിന്റെ വീട്ടിൽ നിന്നും അര കിലോമീറ്ററോളം ദൂരമുണ്ട് യുവതിയുടെ വീട്ടിലേക്ക്.
വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ചാണ് ഇയാൾ രണ്ടാമത്തെ നിലയിൽ കയറുന്നത്. വീട്ടിന് തീ ആളിപ്പടരുന്നത് കണ്ട അയൽവാസി ബഹളം വെച്ച് പ്രദേശവാസികളെ കൂട്ടി. ഇതിനിടെ മുകളിലത്തെ നിലയിൽ നിന്നും ഇറങ്ങിവന്ന രത്നേഷ് ദേഹമാസകലം പെട്രോൾ ഒഴിക്കുകയും കുടിയ്ക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടിപി ജേക്കബ്, വളയം സിഐ എ. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
