തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലേക്ക് കാണിക്കയായി 100 പവൻ തൂക്കമുള്ള സ്വർണ്ണത്തിൽ തീർത്ത ആനയുടെ രൂപവും ഒരുകോടി രൂപയും നൽകി വ്യവസായി. കാണിക്കയായി സമർപ്പിച്ച സ്വർണ്ണ ആനയെ പ്രതീകാത്മകമായി നടയിരുത്തി.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ പഴയന്നൂർ ശ്രീരാമൻ എന്ന ആനയെയാണ് നടയിരുത്തിയത്. വെള്ളയും കരിമ്പടവും വിരിച്ച് ശ്രീരാമനെ ഇരുത്തിയതിന് സമീപം സ്വർണ്ണ ആനയേയും വെക്കുകയായിരുന്നു. ആനയുടെ രൂപത്തിനും ശ്രീരാമനൊപ്പം പൂജ നടത്തി.
വലിയ ബലിക്കല്ലിന് സമീപം പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്താണ് ചടങ്ങ് നടന്നത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി ചടങ്ങിന് നേതൃത്വം നൽകി. 45 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് സ്വർണ്ണ ആനയുടെ രൂപം.
