തൃശ്ശൂർ : ആറുവയസ്സുകാരന് മഡ് റെയ്സിംഗിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയ സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ കേസ്. തൃശ്ശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെയാണ് കേസ് എടുത്തത്. പാലക്കാട് സൗത്ത് പോലീസിന്റേതാണ് നടപടി.
ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാർ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. 16, 17 തിയതികളിൽ മഡ് റെയ്സിംഗ് മത്സരം ഉണ്ട്. ഇതിന് മുന്നോടിയായായിരുന്നു പരിശീലനം. പരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ് കുട്ടിയെയും പങ്കെടുപ്പിച്ചതെന്നാണ് ആക്ഷേപം.
അപകടകരമായ പരിശീലനത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് പോലീസ് പിതാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇത്തരം പരിശീലനങ്ങൾക്ക് ലൈസൻസ് ഉൾപ്പെടെ വേണം. എന്നാൽ അതില്ല. അസോസിയേഷൻ മാതൃകയിൽ ഇവർക്ക് എന്തെങ്കിലും അനുമതിയുണ്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു
