കോഴിക്കോട്: വിവാദങ്ങളവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന് കോടഞ്ചരിയിലെ മിശ്രവിവാഹ വിവാദത്തിൽപ്പെട്ട ഷെജിനും ജ്യോത്സനയും. കോഴിക്കോട് കോടഞ്ചേരി സ്വദേശി എം.എസ്. ഷെജിനും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫുമാണ് വിവാദങ്ങളവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നത്.
’27 വയസ്സുള്ള ഞങ്ങൾക്കു സ്വന്തമിഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ട്. അവരവരുടെ മതങ്ങളിൽ വിശ്വസിച്ചു മുന്നോട്ടുപോകാനാണു തീരുമാനം. സ്പെഷ്യൽ വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നതിന് ഓൺലൈനിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിവാഹക്കാര്യം പാർട്ടിക്കകത്തു പറയാത്തതു ജാഗ്രതക്കുറവാണെന്ന് ദമ്പതിമാർ പറയുന്നു.വിവാദങ്ങൾ അവസാനിച്ചശേഷമേ ഇനി നാട്ടിലേക്കുള്ളൂ.എന്ന് ഷെബിനും ജ്യോത്സനയും പറയുന്നു.
അതേസമയം വിവാഹശേഷം ഇരുവരും അഭയം തേടിയത് ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് കേന്ദ്രമായ താമരക്കുളത്താണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.ബന്ധുവീട്ടിൽ അഭയം പ്രാപിച്ചെന്ന് ഷെജിൻ വ്യക്തമാക്കുമ്പോഴും സംഭവത്തിൽ ദുരൂഹത ഉള്ളതായി ആരോപണങ്ങൾ ഉയരുന്നുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഷെജിൻ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുൻപായിരുന്നു നാട്ടിലെത്തിയത്. പുറത്ത് പോയ പെൺകുട്ടി തിരികെ എത്താഞ്ഞതിനെത്തുടർന്ന് മാതാപിതാക്കൾ കോടഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ ഒരു സമുദായത്തെ മുഴുവൻ ഷെജിൻ വേദനിപ്പിച്ചെന്നും മതസൗഹാർദ്ദം തകർത്തെന്നും ആരോപിച്ച് തിരുവമ്പാടി മുൻ എംഎൽഎയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോർജ്ജ് എം തോമസ് രംഗത്തെത്തിയിരുന്നു.പെൺകുട്ടി ഉൾപ്പെടുന്ന സമുദായത്തെ നേതാവ് വേദനിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു.
