പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേർകൂടി പിടിയിൽ. ഇവർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
മാത്രമല്ല അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തിയതായും സൂചനയുണ്ട്. അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.ഇതിനിടയിൽ കേസില്‍ ഇപ്പോൾ അറസ്റ്റിലായ നാല് പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, റിസ്വാൻ ന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും പോലീസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇവർ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.
ഇവരാണ് ശ്രീനിവാസന്റെ നീക്കം മനസിലാക്കിയ ശേഷം കൊലയാളികളെ കടയിലേക്ക് വിളിച്ചുവരുത്തിയത്. അച്ഛന്റെ ചികിത്സ നടക്കുന്നതിനാൽ ശ്രീനിവാസൻ കുറച്ചുദിവസമായി 11 മണി കഴിഞ്ഞാണ് കടതുറക്കുന്നത്. ഇവരെകൂടാതെ കൃത്യത്തിൽ നേരിട്ട് പങ്കുള്ള ആറ് പേരെ ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡും ഇന്ന് നടന്നേക്കും.
