കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ പോലീസ് അന്വേഷണം തുടങ്ങി.
അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി പീഡനത്തിന് ഇരയായ നടിയുടെ മൊഴിയിലും സൂചനയുണ്ടായിരുന്നു. കൂടാതെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹവുമായി എത്തുന്ന പെൺകുട്ടികളെ ഇയാൾ ദുരുപയോഗിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമ്മാണത്തിന്റെ ഭാഗമാക്കാൻ നടത്തുന്ന ശ്രമത്തിലാണ് ഇയാൾ ഈ യുവതികളെ ദുരുപയോഗിച്ചത്. പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസ് പുറത്ത് വന്നതിന് പിന്നാലെ പണം നൽകി കേസ് ഒതുക്കാൻ ശ്രമിച്ച മലയാളി സംരംഭകനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് മുൻപ് കൂട്ടാളിയായ ഈ സംരംഭകനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. പരാതി നൽകിയ നടിയേയും പരാതി നൽകാനൊരുങ്ങിയ മറ്റൊരു യുവതിയേയും ഇയാൾ ബ്ലാക്ക് മെയിൽ ചെയ്ത് പിന്തിരിപ്പാൻ ശ്രമിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.
