പാചക വാതക വില കുറയ്ക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങളുടെ കെടുകാര്യസ്ഥത മറയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്ന് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനങ്ങള്‍ പണമില്ലെന്ന് പറയുന്നു. എന്നാല്‍ മറുവശത്ത് അവര്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു. പരസ്പരം സഹകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തി.
സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവത്തേയും മുരളീധരന് രൂക്ഷമായി വിമര്‍ശിച്ചു.
പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം കേരളത്തിന് അപമാനമെന്ന് വി മുരളീധരന് പറഞ്ഞു. ഈ വിധമൊരു സംഭവം നടന്നിട്ടും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ കെപിസിസി അധ്യക്ഷനോ അതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്നിരിക്കെ ശക്തമായ നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേരളം ഭരിക്കുന്നത് താലിബാനല്ലെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും വി മുരളീധരന് കൂട്ടിച്ചേര്‍ത്തു.
