എറണാകുളം: വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ 30 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും മോഷ്ടിച്ചു. കാലടിക്കടുത്ത് മേക്കാലടിയിൽ മുഹമ്മദ് ഷെരീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ ഉറങ്ങിക്കിടന്ന രണ്ട് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണവും, 5 ലക്ഷം രൂപയുമാണ് രാത്രിയിൽ
കവർന്നത്. രാവിലെ എഴുന്നേറ്റ ഗൃഹനാഥൻ വീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു.
വീട് കുത്തിത്തുറന്നല്ല മോഷണം എന്നതും വീട്ടിലോ സമീപത്തോ സിസിടിവി ക്യാമറകൾ ഇല്ല എന്നതും പൊലീസിനെ കുഴക്കുന്നുണ്ട്. മോഷ്ടാവ് നേരത്തെ വീട്ടിൽ കയറി ഇരുന്ന് രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം മോഷണം നടത്തിയതാകാം എന്നാണ് നിഗമനം. വീടിന്റെ ചുറ്റുമതിലിൽ ചാടി കടന്നതിന്റെ പാട് മാത്രമാണ് മോഷ്ടാവ് അവശേഷിപ്പിച്ചിരിക്കുന്നത്.മൂന്ന് മാസത്തിന് മുമ്പും സമാനമായ വിധത്തിൽ പ്രദേശത്ത് രണ്ട് മോഷണങ്ങൾ നടന്നിരുന്നു. അന്ന് 45 പവൻ സ്വർണമാണ് കവർന്നത്. മോഷ്ടാക്കളെ കുറിച്ച് ഇതുവരെയും വിവരമൊന്നും കിട്ടിയിട്ടില്ല. പ്രദേശത്തെ കുറിച്ചും വീടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരെങ്കിലുമാകാം കവർച്ചകൾക്ക് പിന്നിലെന്നാണ് നിഗമനം.
