തിരുവനന്തപുരം: പോളിടെക്നിക് അധ്യാപകർക്ക് അർഹിക്കുന്ന ശമ്പളം നൽകാത്തതുമൂലം തെരുവിലിറങ്ങേണ്ട അവസ്ഥ സമൂഹത്തിനു ലജ്ജാകരമാണെന്ന് മുൻ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ. വിവിധ ആവശ്യങ്ങളുന്നയിച്ച് പോളിടെക്നിക് അധ്യാപകർ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപക്ക് നിർബന്ധിതമായ രണ്ടുദിവസത്തെ സൂചന നിരാഹാര സമരം നടത്തേണ്ടിവന്ന അവസ്ഥ ഉണ്ടാക്കിയത് ലജ്ജാകരമാണ്. എംടെക്കും പിഎച്ച്ഡിയും തുടങ്ങി അധിക യോഗ്യത ഉള്ളതുകൊണ്ട് മാത്രം കുറഞ്ഞ ശമ്പളം വാങ്ങാൻ വിധിക്കപ്പെട്ടവരുടെ ദുരിതം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്ന പോളിടെക്നിക് പോലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർക്ക് അർഹിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AICTE scheme നടപ്പാക്കിയതിൽ ഉണ്ടായ അപാകതകൾ പരിഹരിക്കുക, അർഹമായ സി.എ.എസ് പ്രമോഷൻ നടപ്പാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, മരവിപ്പിച്ചിരിക്കുന്ന ഡി.എ ഉടൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് അധ്യാപകർ സമരം നടത്തുന്നത്
കെ.പി.സി.എൽ.എ പ്രസിഡന്റ് ലിജോ ജോൺ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സതീശൻ മുഖ്യ പ്രഭാഷണം നടത്തി. ബിനു ദാസ്, സുഖദേവ്, സി.എസ്.ഉണ്ണികൃഷ്ണൻ, ഹരി നാരായണൻ,ഷാജഹാൻ, ജയശ്രീ , ഷെറിൻ എന്നിവർ സംസാരിച്ചു.
