പാലക്കാട് കൊടുമ്പിൽ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച കേസിലെ പ്രതി ഒളിവിൽ. ഒളിവിലുള്ള സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതി സംസ്ഥാനം വിട്ടതായും സംശയമുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാജഹാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
പാലക്കാട് അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വച്ചതിന് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് കഴിഞ്ഞ ദിവസമാണ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു.
