നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടന്ന് ഇ.ഡി ഓഫീസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി. ഇ.ഡി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് ഇ.ഡി ഓഫീസിലേക്ക് എത്തിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ബലമായി നീക്കി. പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴഞ്ഞുവീണു.
കെ.സിക്ക് വെള്ളം കൊടുക്കാൻ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ദില്ലി പൊലീസ് അതൊന്നും കേൾക്കാതെ കെ സി വേണുഗോപാലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. കൊവിഡ് ബാധിതനായിരുന്നു കെ സി വേണുഗോപാൽ. കൊവിഡ് നെഗറ്റീവായി രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ സി വേണുഗോപാലിന്റെ ഷർട്ടും മാസ്കുമെല്ലാം കീറിയ നിലയിലായിരുന്നു.
കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്. അറസ്റ്റിലായ കെ സി വേണുഗോപാൽ അവശനാണ്. അദ്ദേഹത്തെ ഡോക്ടർമാരെത്തി പരിശോധിക്കുന്നുമുണ്ട്.
