പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെച്ചു. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്പസമയത്തേക്ക് നിര്‍ത്തിവെച്ചതായി സ്പീക്കര്‍ എം.ബി രാജേഷ് അറിയിച്ചത്. ശേഷം അദ്ദേഹം ചേംബറിലേക്ക് മടങ്ങി.
പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് സഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് എം.ബി രാജേഷ് ആവര്‍ത്തിച്ചു. എന്നാല്‍ പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി.
രാഹുല്‍ഗാന്ധി എം.പിയുടെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കാര്യം ഉയര്‍ത്തിയാണ് പ്രതിഷേധം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം. സംഘര്‍ഷത്തിന് പൊലീസ് ഒത്താശ ചെയ്തുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച കല്‍പ്പറ്റ എം.എല്‍.എ ടി സിദ്ധിഖ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന് മാസ്റ്ററായിരുന്നു ചോദ്യോത്തരവേളയില്‍ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടി പറയാന്‍ ആരംഭിച്ചത്. ഉടന്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തുന്ന സമീപനം പ്രതിപക്ഷം സ്വീകരിക്കരുതെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
പിന്നീട് സ്പീക്കര്‍ ചെയറില്‍ നിന്നും എഴുന്നേറ്റ് നിന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സീറ്റില്‍ ഇരിക്കാതെ പ്രതിഷേധം തുടരുകയായിരുന്നു. മാത്യൂകുഴല്‍നാടന്‍, എല്‍ദോസ് കുന്നംപള്ളി എം.എല്‍.എമാരുടേ പേര് വിളിച്ചുകൊണ്ട് സ്പീക്കര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ യുവ എംഎല്‍എമാര്‍ സഭയില്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, എല്‍ദോസ് കുന്നംപള്ളി, റോജി എം.ജോണ്‍ എന്നിവരാണ് കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച് എത്തിയത്. ഇതിന് പുറമേ മാധ്യമങ്ങള്‍ക്കും സഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങള്‍ക്ക് പ്രവേശനം മീഡിയാ റൂമില്‍ മാത്രമാണ് . പി.ആര്.ഡിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. അതില്‍ തന്നെ സ്പീക്കറുടെയും ഭരണകക്ഷി എം.എല്‍.എമാരുടേയും ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വിടുന്നത്. പ്രതിപക്ഷ പ്രതിഷേധം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
