എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. എകെജി സെന്റര്‍ ആക്രമിക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അണ്ടൂര്‍ക്കോണം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എകെജി സെന്ററിന് നേരെ കല്ലെറിഞ്ഞ് ഒരു ജനല്‍ച്ചില്ലെങ്കിലും പൊട്ടിക്കും എന്നായിരുന്നു ഇയാള്‍ അഞ്ച് ദിവസം മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. അത് താന്‍ ചെയ്യുന്നത് ഒറ്റയ്ക്കായിരിക്കുമെന്നും പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍, അത് താന്‍ മദ്യലഹരിയില്‍ എഴുതിയതാണെന്നാണ് ഇയാളുടെ നിലപാട്.
അതേസമയം പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മർദ്ദത്തിലാക്കി. എകെജി സെൻററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടക വസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
എട്ട് പൊലീസുകാര്‍ എകെജി സെന്ററിന് മുന്നില്‍ സുരക്ഷാ ജോലി നോക്കുമ്പോഴാണ്സ്കൂട്ടറിലെത്തിയ അക്രമി രാത്രി സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്ററിനുള്ളിലിരുന്നവര് പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയുറപ്പിച്ചിരുന്ന പൊലീസുകാര്‍ അക്രമിയെ കണ്ടില്ല. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
