ഷഹീർ ജി അഹമ്മദ്
പെരുന്നാൾ, അത് ചെറിയ പെരുന്നാൾ ആയാലും വലിയ പെരുന്നാൾ ആയാലും ആഘോഷിയ്ക്കപ്പെടേണ്ടതാണ്.ദൈവം ആഘോഷിയ്ക്കാൻ അനുവദനീയമാക്കിയ രണ്ടു ദിനങ്ങൾ.രണ്ട് ആഘോഷങ്ങളും ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്, ആഘോഷങ്ങളും ആരാധനയാണ്,

ദൈവത്തിൻ്റെ നിർദ്ദേശത്തിന് മുന്നിൽ സകലതും സമർപ്പിച്ച് , പരീക്ഷണങ്ങളെ അതിജീവിച്ച ,അനീതികൾക്കും യുക്തിരാഹിത്യങ്ങൾക്കും മുമ്പിൽ നെഞ്ചുവിരിച്ച് പ്രതിഷേധിച്ച് ജീവിത വിജയം നേടിയ ഒരു സരണിയുടെ നായകൻ്റെയും അദ്ദേഹത്തിൻ്റെ ഭാര്യയുടെയും മകനെൻ്റെയും ത്യാഗത്തിൻ്റെ ഓർമ്മകൾ.ഇത് വലിയ പെരുന്നാൾ ആണ്, ബലി പെരുന്നാളാണ് അതോടപ്പം ഓർമ്മ പെരുന്നാൾ ആണ്, ദൈവ പരീക്ഷണങ്ങളെ അതിജീവിക്കുന്നവന് വിജയം ഉറപ്പാണ്, ക്ഷമയാണ്, പ്രതീക്ഷയാണ് വേണ്ടത്,
ഒരു നാൽപത് വർഷത്തിന് മുന്നിലെ കണിയാപുരത്തുകാരനായ ഒരു കുട്ടിയായി ഞാൻ എൻ്റെ കുട്ടി കാലത്തെ പെരുന്നാൾ ‘ ഓർമിക്കുകയാണ്,
പെരുന്നാൾ വരുന്നതിന് മുമ്പ് തുണിയെടുക്കും, ലുലുവും പാർത്ഥാ സും ജയലക്ഷ്മിയും പോത്തീസും ഇല്ലാത്ത കാലം ഞങ്ങളുടെ കണിയാപുരത്തുകാരുടെ പോത്തീസ് മസ്താൻ മുക്കിന് സമീപം ഗോപി അണ്ണൻ്റെ ജൗളിടെയാണ്, ”ഫെമിന ടെക്സ്റ്റയിൽസ് ” പലവ്യജ്ഞന കടയിലെ പറ്റു ബുക്ക് പോലെ ജൗളികടയിലും പറ്റ് ബുക്ക് ഉണ്ട്, തുണിയും വാങ്ങി റെയിൽവേ ഗേറ്റ് കഴിഞ്ഞ് കരിയിൽ അസീസ് കാക്കയുടെ കടയിൽ എത്തും തുണി തുന്നാൻ. ”നസീർ ടെക്സ്റ്റയിൽസ് “. ഷർട്ടിൽ പതിപ്പിക്കുന്ന നസീർ ടെക്സ്റ്റയിൽ സ്റ്റിക്കർ ഓർമ്മയിലുണ്ട്,
പല വ്യജ്ഞനങ്ങൾ ഒക്കെ വാങ്ങുന്നത് വയലിക്കട സൈനുദ്ദീൻ കാക്കയുടെ കടയിൽ നിന്നും,തയ്ക്കാവു മക്കിലെ അബ്ബാസ് കാക്കയുടെ അരി മില്ല് മനസിൽ പതിഞ്ഞു കിടക്കുന്നു,
പെരുന്നാൾ തലേന്ന് ബദർ കാക്കയുടെ കടയിൽ തല കൊണ്ട് പോയി കൊടുക്കും, ഹിപ്പിയടിക്കാൻ പറഞ്ഞാലും കാക്ക ക്രാപ്പ് അടിച്ചു തരും, കാക്ക പറയുന്നത് തന്നെയാണ് നമ്മുടെ ഹെയർ സ്റ്റയിൽ,
പിന്നെ ഇറച്ചി വാങ്ങലാണ്, പോത്തിറച്ചി വലിയ പ്രചാരമല്ല, മട്ടൻ, പള്ളിനടയിൽ സൈനില്ലാക്കായുടെ കടയുടെ സമീപം മൊയ്ദീൻ അപ്പുപ്പയുടെ ഇറച്ചി കട,
ഒരു അഞ്ഞൂറ് ഗ്രാം മട്ടൻ തന്നെ ധാരാളം, ഓല കൂട്ടിൽ പൊതിഞ്ഞു തരുന്ന ഇറച്ചി.
പതിനൊന്ന് മണിയോടെ മാർക്കറ്റ് സജീവം, വളക്കാരൻ മജീദ് കാക്കയും ഇബ്രാഹിം കാക്കയും വളയുമായി വരും .കായികുടുക്ക പൊട്ടിച്ച പൈസയുമായി മജീദ് കാക്കയിൽ നിന്നും വാച്ച് ,കണ്ണട ഒക്കെ വാങ്ങും,
മലക്കറി കട അന്ന് രണ്ട് പേർക്കായിരുന്നു, വാടയിൽ മുക്കിൽ നിന്നുള്ള അസംബി താത്ത, പിന്നെ ഉറക്കം മാമയുടെ ബന്ധുക്കളായ ഭാര്യയും ഭർത്താവും, അവരിൽ നിന്നും ഇഞ്ചി, പച്ചമുളവ് ഒക്കെ വാങ്ങും,
ഇന്നത്തെ പോലെ ഇറച്ചി കൊണ്ട് മൂന്ന് നേരുവും ഭക്ഷ്യ മേള ഒന്നും അന്നില്ല, പെരുനാൾ ദിവസം രാവിലെ ഒറട്ടിയു പരിപ്പുകറിയും, ആ പരിപ്പുകറിയുടെ രുചി പറഞ്ഞറിയ്ക്കാൻ വയ്യ,പിന്നെ കുളിച്ച് ഒരുങ്ങി പള്ളിയിലേക്ക്, ഗസ്സാലി മോതിൻ്റെ രൂക്ഷമായ കണ്ണുകൾ കുട്ടികളെ അച്ചടക്കമുള്ളവരാക്കും, ഇന്നത്തെ പോലെ തക്ബീറുകളെ ഇല്ലാതാക്കുന്ന തറ പ്രസംഗം പെരുന്നാൾ ദിവസം ഇല്ല, തക് ബീർ മാത്രം,
താഹ ഉസ്താദിൻ്റെ വാപ്പയാണ് അന്ന് ഇമാം. നമസ്ക്കാര ശേഷം ഖന്തൂറയിട്ട് മിമ്പറിൽ കയറുന്ന ഇമാം,
ആ മിമ്പറിലെ ഇമാമിൻ്റെ ഇരുത്തത്തിന് എന്തൊരു സൗന്ദര്യമായിരുന്നു, അദ്ദേഹത്തിൻ്റെ മുഖത്തെ തേജസ് വിവരണാതീതം, അറബിയും മലയാളവും ചേർത്ത ഖുത്തുബ,
കടയറ അപ്പുപ്പ, ഇസ്മായിൽ അപ്പുപ്പ, മൗലവി അപ്പുപ്പ, ഹസ്സൻ കൺട്രാക്ക് മജിസ്ട്രേറ്റ് അപ്പുപ്പ ,ഷെരീഫ് അപ്പുപ്പ, ജഹു ഫർ സാർ, ഖരീം കാക്ക അങ്ങനെ ഒരു മുതിർന്ന തലമുറയാണ് ചോദ്യം ചെയ്യാൻ കഴിയാത്ത പള്ളി പരിപാലകർ.അന്ന് ഒരു യൂത്ത് ടീം ഉണ്ടായിരുന്നു, ഖരീം സാർ, ഫസിൽ സാർ, ബഷീർ സാർ, ഉപ്പു വീട്ടിൽ ഷിഹാബ് കാക്ക, അഷറഫ് കാക്ക കബീർ സാർ, ജലീൽ കാക്ക അങ്ങനെ കുറച്ച് മുഖങ്ങൾ ഓർമ്മയുണ്ട്,
പള്ളി പിരിഞ്ഞ് വീട്ടിൽ എത്തിയാൽ ഉച്ചക്ക് നേച്ചോറും കറിയും,, പിന്നെ ചെറിയ ഉറക്കം, വൈകുന്നേരം കടല് കാണാൻ പോവും, അല്ലെങ്കിൽ ബന്ധുവീട് സന്ദർശനം, പിറ്റെ ദിവസം വെട്ടു റോഡ് ശ്രീകലയിൽ സൈനില്ലാ കാക്കയുടെയോ അബ്ദുൽ സലാം കാക്കയോ കൊണ്ടുപോയി ഒരു സിനിമ കാണിയ്ക്കും, തീർന്നു അക്കൊല്ലത്തെ ബലി പെരുന്നാൾ,
സത്യത്തിൽ പുതിയ ഉടുപ്പും വളക്കാരൻ മജീദ് കാക്കയുടെ വളക്കായിൽ നിന്നും വാങ്ങുന്ന കണ്ണട, വാച്ച് പിന്നെ മൊയ്ദീൻ അപ്പുപ്പയുടെ ഇറച്ചി കടയിൽ നിന്നുള്ള 500 ഗ്രാം ഇറച്ചി.കുട്ടികളായ ഞങ്ങളുടെ സന്തോഷം നിറയ്ക്കാൻ അതു ധാരാളമായിരുന്നു. ഒരു പക്ഷെ ഇന്നത്തെ കുട്ടികൾക്ക് ആ സന്തോഷം ബോധ്യപ്പെടില്ല,
ഞങ്ങളുടെ കായികുടുക്കയുടെ സമ്പാദ്യം ഉപയോഗിക്കുന്നതും അന്നായിരുന്നു.
എത്രയോ നല്ല ഓർമ്മകൾ,
കൃത്യമത്വം ഇല്ലാത്ത മനുഷ്യർ…… ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട കാലം. ഓർമ്മകളിലെ ആ പഴയ പെരുന്നാൾ കാലം വെറുതെ ഓർത്തു പോയി, ഓർമ്മകളിൽ എവിടെയോ സന്തോഷത്തിൻ്റെ നേരിയ ചലനങ്ങൾ
എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ. പ്രത്യേകിച്ച് എൻ്റെ ഗ്രാമത്തിലെ കുട്ടികൾക്ക്, പെരുന്നാൾ നിങ്ങൾക്ക് നല്ല ഓർമ്മകൾ നൽകട്ടെ
