മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന അച്ചടി വകുപ്പിൽ ഗുരുതരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതായും അത് പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ഐ.എൻ.ടി.യു.സി. ആവശ്യപ്പെട്ടു.
വകുപ്പ് ആസ്ഥാനത്ത് നിലവിലുള്ള വാഹനങ്ങളിൽ 4 എണ്ണത്തിന്റെ ഇൻഷ്വറൻസ് കാലാവധി തീർന്നിട്ട് മാസങ്ങളായി. കറണ്ട് ചാർജ് അടക്കാത്തതു കൊണ്ട് വൈദ്യുതി വകുപ്പ് ഫ്യൂസ് ഊരാൻ വരുന്നു. പേപ്പറില്ലാത്തതിനാൽ പല പ്രസുകളിലേയും അച്ചടി മുടങ്ങുന്നു. ഇത്തരം പ്രാഥമിക കാര്യങ്ങൾ നിറവേറ്റാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് മുഖ്യൻ നേരിട്ട് ഭരിക്കുന്ന അച്ചടിവകുപ്പ്.
അച്ചടി വകുപ്പിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സർക്കാർ നീക്കത്തിനും കെടുകര്യസ്ഥതക്കുമെതിരെ ഐ.എൻ.ടി.യു.സി. നേതൃത്വത്തിലുള്ള കേരള ഗവ പ്രസ് വർക്കേഴ്സ് കോൺഗ്രസ് അച്ചടി വകുപ്പ് കാര്യാലയത്തിന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
പ്രസ്സുകളിലെ തസ്തികകൾ വെട്ടിക്കുറച്ച് ബ്രാഞ്ചുകൾ ഇല്ലാതാക്കി കിഫ്ബി വായ്പയിലൂടെ സ്വകാര്യവൽക്കരണത്തിനും, ഇഷ്ടക്കാരെ വഴിവിട്ട് നിയമിക്കാനുമുള്ള സർക്കാർ നീക്കത്തിനെതിരെ IN TUC ശക്തമായ ചെറുത്ത് നില്പ് നടത്തുമെന്നും, തൊഴിലാളികളുടെ അവകാശത്തിനും വകുപ്പിന്റെ നിലനില്പിനുവേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും വി.ആർ. പ്രതാപൻ പറഞ്ഞു. യോഗത്തിൽ കൈമനം പ്രഭാകരൻ, വഞ്ചിയൂർ രാധാകൃഷ്ണൻ , ഷാജി കുര്യൻ, കരമന അനിൽ, റ്റി ജോയി, വി.ബി.സതീഷ് , സന്തോഷ്കുമാർ , ശിവപ്രകാശ്,ബി.വിനോദ്, എ. എൻ സജീദ്, വി.ബി. ജോൺ എന്നിവർ സംസാരിച്ചു.
