വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
വിജയകുമാരിയുടെ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് അയൽപക്കത്തുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിജയകുമാരിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അവരെത്തി നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വീടിന്റെയും അലമാരകളുടെയും വാതിലുകൾ പൊളിച്ചാണ് മോഷണം നടത്തിയത്. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
