കുളം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളി കുളത്തിൽ വീണ് മരിച്ചു. ബാലരാമപുരം ഐത്തിയൂർ ചാമവിള വീട്ടിൽ സുരേന്ദ്രൻ-വസന്ത ദമ്പതികളുടെ മകൻ രതീഷ്കുമാർ ആണ് മരിച്ചത്. തൊഴിലുറപ്പു തൊഴിലാളികൾ പ്രഭാതഭക്ഷണത്തിനായി പണി നിറുത്തി. തൊഴിലുറപ്പു സ്ഥലത്ത് ഉണ്ടായിരുന്ന അമ്മ ആഹാരം കഴിക്കാനായി വിളിച്ചപ്പോൾ ഇപ്പോൾ വരാമെന്നു പറഞ്ഞ് കുളത്തിന്റെ കൈവരിയിലൂടെ രതീഷ് നടന്നു പോയി. കുറച്ചു സമയം കഴിഞ്ഞാണ് കുളത്തിൽ കമിഴ്ന്നു കിടക്കുന്ന അവസ്ഥയിൽ രതീഷിനെ തൊഴിലാളികളിൽ ഒരാൾ കാണുന്നത്. ഉടൻ തന്നെ ബാലരാമപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരങ്ങൾ: സുരേഷ്കുമാർ, ഗിരീഷ്കുമാർ.
