പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാര് ഏറെയാണ്. ജൂലൈ 29ന് ചിത്രം പാക്കപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സിനിമകൾ ഒടിടിയിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശിർവാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ദുബായ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മോഹൻലാൽ. ആശീർവാദ് സിനിമാസ് ഇതുവരെ 32 ചിത്രങ്ങൾ നിർമിച്ചു. ഈ ചിത്രങ്ങളിലെല്ലാം താൻ അഭിനയിച്ചുവെന്നതാണ് താനും ആശിർവാദും ആന്റണിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വർധിപ്പിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.
