തലസ്ഥാനത്ത് എം.ഡി.എം.എ വേട്ട. നഗരത്തിൽ വിൽക്കാൻ കൊണ്ടു വന്ന എം.ഡി.എം.എയുമായി എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ – വഞ്ചിയൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വലിയതുറ സുലൈമാൻ സ്ട്രീറ്റിലെ ഒരു വീട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ ഒത്തുകൂടിയെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന.
പൊലീസ് ഇവിടെയെത്തിയപ്പോള്‍ സംഘം ബെംഗളൂരിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പനയ്ക്കായി തയ്യാറാക്കുന്നതാണ് കണ്ടത്. ഷിഹാസ്, അച്ചു, സൈദലി, അൽ-അമീൻ, അൻസൽ റഹ്മാൻ, ഷാനു എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കൂടാതെ വഞ്ചിയൂരിൽ വാഹന പരിശോധനക്കിടെ സംശയാസ്പദമായി കണ്ടെത്തിയ ബെൻസൻ, പിനോ പെരേര എന്നിവരിൽ നിന്നും എം.ഡി.എം.എ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ പ്രതികൾ നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും പണവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിറ്റ് കിട്ടിയതാണ് പണമെന്ന് ഇവർ സമ്മതിച്ചു. ശംഖുമുഖം അസി. കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രണ്ട് സ്ഥലത്തും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
