ദോഹ: ഖത്തർ ലോകകപ്പിന്റെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് വിൻസന്റ് അബൂബക്കർ നേടിയ കിടിലൻ ഗോളിലാണ് ആഫ്രിക്കൻ സംഘത്തിന്റെ ജയം. സ്കോർ: കാമറൂൺ 1-0 ബ്രസീൽ. ആദ്യ രണ്ട് മത്സരങ്ങളിലും ജയം കണ്ട ബ്രസീലിന്റെ ടൂർണമെന്റിലെ ആദ്യ തോൽവി കൂടിയാണിത്. പ്രീക്വാർട്ടറിന് മുൻപ് ഇത്തരത്തിലൊരു തോൽവി ഏറ്റുവാങ്ങിയത് ബ്രസീലിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ്. ആരാധകരുടെ ആശങ്കയും ഇതേച്ചൊല്ലിയാണ്.അതേ സമയം ഖത്തർ ലോകകപ്പിന്റെ പൂർണമായ പ്രീ ക്വാർട്ടർ ചിത്രങ്ങൾ ഇന്നത്തോടെ വ്യക്തമായി. ഗ്രൂപ്പ് ജി യിലെ മത്സരങ്ങളും അവസാനിച്ചതോടെയാണ് ഇത്. ജി ഗ്രൂപ്പിൽ നടന്ന അവസാന മത്സരങ്ങളിൽ ഒന്നിൽ ബ്രസീൽ കാമറൂണിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയപ്പോൾ, മറ്റൊരു മത്സരത്തിൽ സ്വിറ്റ്സർലൻഡ്, സെർബിയയെ 3-2 ന് തകർത്തു. ജി ഗ്രൂപ്പിൽ നിന്ന് ബ്രസീൽ സ്വിറ്റ്സർലൻഡ് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.ആദ്യ രണ്ട് കളികളിലും വിജയിച്ച ബ്രസീൽ അവസാന മത്സരം കളിക്കും മുന്നേ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. കാമറൂണിനെതിരായ അവസാന മത്സരത്തിലും വിജയം നേടി നോക്കൗട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു ബ്രസീൽ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ 9 മാറ്റങ്ങൾ വരുത്തിയിറങ്ങിയ ബ്രസീലിന് പക്ഷേ ആഗ്രഹിച്ച ജയം നേടാനായില്ല.തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഫിനിഷിംഗ് മത്സരത്തിൽ കുറ്റമറ്റതായില്ല. ഇത് കൊണ്ട് സമനില കൊണ്ട് ടീമിന് തൃപ്തിപ്പെടേണ്ടി വരുമെന്ന് ആരാധകർ കരുതിയിരുന്നപ്പോളായിരുന്നു കാമറൂണിന്റെ ഷോക്കിംഗ് ഗോൾ സംഭവിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു കാനറികളുടെ നെഞ്ചകം തകർത്ത വിൻസന്റ് അബൂബക്കറുടെ ഗോൾ. ബോൾ പൊസഷനിലും, ഷോട്ടുകളുടെ കാര്യത്തിലുമെല്ലാം എതിരാളികളെ കവച്ചു വെച്ചെങ്കിലും വിജയത്തിലേക്കെത്താൻ മാത്രം കാനറികൾക്കായില്ല.
