ദോഹ: ഫിഫ ലോകകപ്പില്‍ തുടരെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലും പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ഭാഗ്യം ഒപ്പം നിന്നത് അര്‍ജന്റീനയ്ക്കൊപ്പം. നെതര്‍ലാന്‍ഡ്സിനെ ഷൂട്ടൗട്ടില്‍ 4-3നു കീഴടക്കി അര്‍ജന്റീന സെമി ഫൈനലിലേക്കു മുന്നേറി. ഷൂട്ടൗട്ടില്‍ ഡച്ച് ടീമിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടുത്തിട്ട് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ഹീറോയായി മാറി. ബ്രസീലിന്റെ കഥ കഴിച്ചെത്തിയ ക്രൊയേഷ്യയാണ് സെമി ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.നേരത്തേ 2-0ന്റെ അനായാസ വിജയത്തോടെ സെമി ഫൈനലിനു കൈയെത്തുംദൂരത്തായിരുന്നു അര്‍ജന്റീന. പക്ഷെ അവസാനത്തെ ഏഴു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഡച്ച് ടീം അവരെ സ്തബ്ധരാക്കി. ഇതോടെ കളി അധികസമയത്തിലേക്കു നീളുകയും ചെയ്തു. 35ാംം മിനിറ്റില്‍ നഹ്വല്‍ മൊളിനയാണ് അര്‍ജന്റനീയുടെ അക്കൗണ്ട് തുറന്നത്. 73ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മെസ്സി അര്‍ജന്റീനയുടെ വിജയവും സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു. 83ാം മിനിറ്റില്‍ വൗട്ട് വെര്‍ഗോസ്റ്റാണ് ഡച്ച് ടീമിന്റെ ആദ്യ ഗോള്‍ മടക്കിയത്. ഇഞ്ചുറിടൈില്‍ വെര്‍ഗോസ്റ്റിന്റെ വക തന്നെയായിരുന്നു രണ്ടാം ഗോളും. ഇതോടെയാണ് കളി അധികസമത്തേക്കു നീണ്ടത്.
