തിരുവനന്തപുരം: ഗുണ്ടാ-റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പോലീസിൽ വീണ്ടും സസ്പെൻഷൻ. മംഗലപുരം ഇൻസ്പെക്ടർ സജീഷ്, പേട്ട ഇൻസ്പെക്ടർ റിയാസ് രാജ, ചേരന്നലൂർ ഇൻസ്പെക്ടർ വിപിൻ കുമാർ, തിരുവല്ലം എസ്.ഐ സതീഷ് എന്നിവരെയാണ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ സസ്പെൻഡ് ചെയ്തത്. ഇതോടെ സസ്പെൻഷനിലായവരുടെ എണ്ണം അഞ്ചായി.
റെയിൽവെ പൊലീസ് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ ബന്ധം സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സസ്പെൻഷൻ നടപടികൾ. പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എസ്ഐ, ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമസംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
