വിതുര: പെൺകുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയ ഫുഡ് ഡെലിവറി ബോയ് പിടിയിൽ. വള്ളക്കടവ് മുക്കോലക്കൽ ഇടവിളാകം വീട്ടിൽനിന്ന് കമലേശ്വരം ആര്യൻകുഴി റോഡിന് സമീപം വാടകക്ക് താമസിക്കുന്ന അഖിൽ (21) ആണ് പിടിയിലായത്.ഇയാൾ രണ്ട് വർഷം മുമ്പ് വട്ടിയൂർക്കാവ് കൊടുങ്ങന്നൂരിലെ പെൺകുട്ടിയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തി. ഇതിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഭാര്യയും കുഞ്ഞുമുള്ള വിവരം മറച്ചുവെച്ചാണ് വിതുരയിൽനിന്ന് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയത്.ഓൺലൈൻ വഴി ആഹാരം ബുക്ക് ചെയ്യുന്നവരെ പിന്തുടർന്നാണ് ഇയാൾ പെൺകുട്ടികളെ വലയിലാക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വിതുര എസ്.ഏച്ച്.ഒ എസ്. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
