തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആന പാപ്പാൻമാരെ അക്രമിസംഘം വീട് കയറി അക്രമിച്ചതായി പരാതി. രണ്ട് ബൈക്കിലായി എത്തിയ ആറുപേർ ചേർന്ന് ആക്രമിച്ചുവെന്നാണ് വീട്ടുടമ രാഹുൽ ആർ എസ് പൊലീസിൽ പരാതി നൽകിയത്. ആനപരിപാലനത്തിനായി മൂന്ന് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെയാണ് ആറംഗ സംഘം ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ആനയെ കെട്ടുന്ന സ്ഥലത്ത് എത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ആനയെ തൊടാൻ പോയപ്പോൾ പാപ്പാൻമാർ തടഞ്ഞതിൽ പ്രകോപിതരായ സംഘം പാപ്പാൻമാരായ മൊയ്തീൻ (63), കുഞ്ഞുമോൻ (52),യുസഫ് (60) എന്നിവരെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞു. ശേഷമായിരുന്നു അതിക്രമം നടത്തിയത്. വീടിന്റെ വരാന്തയിൽ കിടന്നിരുന്ന രണ്ടാം പാപ്പാൻ കുഞ്ഞുമോന മർദ്ദിച്ചതായും വീട് അതിക്രമിച്ച് കയറുകയും ഡോർ തല്ലിപൊളിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
