പോത്തൻകോട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കെട്ടിടത്തിന്റെ ഒരു മുറിയിലെ കോൺക്രീറ്റ് മേൽക്കൂര തകർന്നു വീണു. അതിനുള്ളിൽ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ ഉണ്ടായേക്കാവുന്ന ദുരന്തം തലനാരിഴയ്ക്ക് മാറി. വെമ്പായം പഞ്ചായത്തിലെ നന്നാട്ടുകാവ് വട്ടവിള വാർഡിൽ മാതാവീട് ലക്ഷംവീട് കോളനിയിൽ ആസാം സ്വദേശി മനോജും ഭാര്യ ലളിതകുമാരിയും ഇവരുടെ ഒരു ബന്ധുവും കൂടി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറിയുടെ മേൽക്കൂരയാണ് തകർന്നു വീണത്.ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഈ മുറി ഉപയോഗിച്ചിരുന്നത് മനോജിന്റെ ബന്ധുവായിരുന്നു. അയ്യാൾ രണ്ടു ദിവസം മുൻപ് നാട്ടിലേക്ക് പോയിരുന്നു, അതിനാൽ അപകടം ഒഴിവായി. കോളനിയിലെ വീടുകൾ 23 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചതെന്നും കാലപ്പഴക്കം കൊണ്ട് മിക്ക വീടുകളും ജീർണിച്ച നിലയിലാണെന്നും നാട്ടുകാർ പറയുന്നു.
