കല്ലമ്പലം: പ്രസവാനന്തരം ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു. മണമ്പൂർ കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ആർ.അനു(22)വാണ് മരിച്ചത്. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം നാലായി. അനുവിന്റെ നാലു ദിവസം പ്രായമായ കുഞ്ഞ്, അമ്മ ശോഭ(46), ഓട്ടോ ഡ്രൈവർ കാരൂർകോണത്ത് ആമ്പാടിയിൽ വീട്ടിൽ സുനിൽ(44) എന്നിവർ സംഭവ ദിവസം മരിച്ചു.അനുവിന്റെ ഭർത്താവ് മഹേഷ്(28), മൂത്ത മകൻ മിഥുൻ(6) എന്നിവർ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. മഹേഷിനെ മണമ്പൂർ ഗവ.ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ 18ന് രാത്രി 9ന് കണിയാപുരത്തിന് സമീപം പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയാണ് അപകടം.
