കാട്ടാക്കട: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ പണയം വച്ച സ്വർണം മുക്കിയ കേസിൽ സ്ഥാപനത്തിലെ മുൻ മാനേജർ അറസ്റ്റിൽ. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കാട്ടാക്കട ശാഖ മാനേജർ ആയി ജോലി നോക്കിയിരുന്ന മാരായമുട്ടം പുലിക്കോട്ടുകോണം ഗ്രേസ് വില്ലയിൽ ബീന(41) ആണ് പിടിയിലായത്. വ്യാപാര വായ്പയെടുക്കാൻ വ്യാപാരികൾ സ്ഥാപനത്തിൽ പണയം വച്ച സ്വർണത്തിൽ നിന്നു 300 ഗ്രാമിൽ അധികം സ്വർണം തട്ടിയെടുത്തെന്നാണ് കേസ്. സ്ഥാപനത്തിലെ വനിതാ അസി.മാനേജരും മറ്റൊരു ജീവനക്കാരിയും രണ്ടു മാസം മുൻപ് അറസ്റ്റിലായിരുന്നു.ഇവർക്കൊപ്പം തട്ടിപ്പ് നടത്തിയ ബീന മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. 2 വട്ടം കോടതി ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെ ഒളിവിൽ പോയി. ഞായറാഴ്ച രാത്രി വീട്ടിലുണ്ടെന്ന് മനസ്സിലാക്കിയ കാട്ടാക്കട പൊലീസ് ഇന്നലെ രാവിലെ 7 മണിയോടെ കസ്റ്റഡിയിലെടുത്തു. പിടിയിലായ ബീന സ്ഥാപനത്തിൽ നിന്നു പണയസ്വർണം എടുത്ത് മറ്റ് ജീവനക്കാരെ കൊണ്ട് പണയം വയ്ക്കുകയും പണം വീതിച്ച് എടുക്കുകയും ആണ് പതിവെന്ന് നേരത്തെ അറസ്റ്റിലായവർ പൊലീസിന് മൊഴി നൽകിയിരുന്നു. മറ്റു സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയ സ്വർണത്തിൽ 90 ഗ്രാം പൊലീസ് പിടിച്ചെടുത്തു. ബീന മാനേജരായ സ്ഥാപന മാനേജ്മെന്റ് കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കണക്കെടുപ്പിലാണ് സ്വർണം മുക്കിയത് തിരിച്ചറിഞ്ഞത്. തുടർന്ന് സ്ഥാപന മാനേജ്മെന്റ് പൊലീസിൽ പരാതി നൽകി. പിടിയിലായ ബീനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.കാട്ടാക്കട ഇൻസ്പെക്ടർ ഡി.ഷിബുകുമാർ,സബ് ഇൻസ്പെക്ടർമാരായ ശ്രീനാഥ്, രമേശൻ, ഗ്രേഡ് എഎസ്ഐ സുനിൽ സിവിൽ പൊലീസ് ഓഫിസർ ജിഷ്ണു,വനിത സിവിൽ പൊലീസ് ഓഫിസർ സലൂജ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
