പാറശാല: പൊതു കിണർ കെട്ടി അടച്ച നടപടിക്കെതിരെ പ്രദേശവാസികൾ ആയുർവേദ ആശുപത്രി സൂപ്രണ്ടിനെ നാലു മണിക്കൂറോളം ഉപരോധിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം നടത്തിയ സമരത്തെ തുടർന്ന കെട്ടി അടച്ച ഭാഗം പൊളിച്ചു മാറ്റിയതോടെ ആണ് ഉപരോധം അവസാനിച്ചത്.പുത്തൻകട ആയുർവേദ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെ ആണ് സംഭവങ്ങൾക്ക് തുടക്കം. പതിറ്റാണ്ടുകളായി പ്രദേശവാസികൾ വെള്ളം എടുക്കുന്ന കിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനു സൗകര്യം നില നിർത്തി മതിൽ നിർമിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ നാട്ടുകാർക്ക് പ്രവേശനത്തിനു ഒഴിവാക്കിയ സ്ഥലം ആശുപത്രി സൂപ്രണ്ടിന്റെ നിർദേശ പ്രകാരം കെട്ടി അടച്ചു.സൂപ്രണ്ടിന്റെ നടപടിക്കെതിരെ പ്രദേശവാസികൾ രംഗത്ത് എത്തിയതോടെ പ്രതിഷേധം ശക്തമായി. ഉപരോധത്തെ തുടർന്ന് ജനപ്രതിനിധികളും, പാർട്ടി നേതാക്കളും ചർച്ച നടത്തിയെങ്കിലും സൂപ്രണ്ട് നിലപാടിൽ ഉറച്ചു നിന്നതാണ് സമരം മണിക്കൂറുകൾ നീളുന്നതു ഇടയാക്കിയത്. പാറശാല പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയിലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭാരവാഹികളെ സമരക്കാർ വിവരം അറിയിച്ചെങ്കിലും ഇവർ സ്ഥലത്ത് എത്തിയില്ലെന്നും ആരോപണം ഉണ്ട്. സ്ഥിതി രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥർ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ മതിൽ പൊളിക്കാൻ തീരുമാനിച്ചതോടെ ആണ് സമരം അവസാനിച്ചത്.
