പാറശാല: അപകടങ്ങൾ കുറയ്ക്കാൻ കോടികൾ ചെലവിട്ട് ദേശീയപാതയുടെ വശങ്ങളിൽ നിർമിച്ച നടപ്പാതകൾ കാടുകയറി. രണ്ട് വർഷം മുൻപാണ് ദേശീയപാതയിൽ കടമ്പാട്ടുകോണം മുതൽ കളിയിക്കാവിള വരെ അപകട സാധ്യത കൂടിയ ബ്ലാക് സ്പോട്ട് പട്ടികയിൽ പെട്ട സ്ഥലങ്ങളിൽ നടപ്പാത, കൊടും വളവുകളിൽ വൈദ്യുതി ലൈറ്റുകൾ, മഞ്ഞ സിഗ്നൽ ലൈറ്റ് എന്നിവ സ്ഥാപിച്ചത്.പതിനൊന്നു കോടി രൂപ ചെലവിട്ട് ആയിരുന്നു നിർമാണം. കാൽനട യാത്രക്കാർ റോഡിൽ കയറി നടക്കുന്നത് ഒഴിവാക്കാൻ നടപ്പാതകളും, വളവുകളിലെ വെളിച്ചക്കൂറവ് പരിഹരിക്കാൻ ലൈറ്റുകളും സ്ഥാപിച്ചതു വഴി ലക്ഷ്യമിട്ടിരുന്നത്. വളവുകളിൽ സ്ഥാപിച്ച വിളക്കുകൾ പലയിടത്തും ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ഇന്റർലോക്ക് പാകിയ നടപ്പാതകളിൽ ഭൂരിഭാഗം സ്ഥലത്തും കാടുകയറി നിലയിൽ ആണ്. നിർമാണ പോരായ്മ മൂലം ഇന്റർലോക്ക് ഒലിച്ചു പോയ സ്ഥലങ്ങളിൽ പകരം സ്ഥാപിച്ചിട്ടില്ല. കോടികൾ ചെലവിട്ടിട്ടും ലക്ഷ്യം കാണാതെ പോയ ഇത്തരം പദ്ധതികൾ ആണ് റോഡ് അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുന്നത്.
