കാട്ടാക്കട: ബന്ധുവിന്റെ മരണ വീട്ടിലെത്തി മടങ്ങുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഗൃഹനാഥൻ തലയ്ക്കു കല്ലുകൊണ്ടുള്ള ഇടിയേറ്റ് മരിച്ചു. പൂവച്ചൽ പാറമുകൾ ചാമവിള പള്ളിത്തറ വീട്ടിൽ ജലജൻ(57) ആണ് മരിച്ചത്. ജലജന്റെ ബന്ധുക്കളായ സഹോദരങ്ങൾ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് നാലരയോടെ തൂങ്ങാംപാറ സിഎസ്ഐ പള്ളിക്കു സമീപമാണു സംഭവം. വാക്കു തർക്കത്തെ തുടർന്നു ജലജനെ സഹോദരിയുടെ മകളുടെ ഭർത്താവ് പൂവച്ചൽ പാറമുകൾ മിസ്പയിൽ സുനികുമാർ(33), സഹോദരൻ കുറകോണം പാറമുകൾ പുത്തൻ വീട്ടിൽ സാബു(31) എന്നിവർ ചേർന്നു കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ജലജന്റെ ബന്ധു തൂങ്ങാംപാറ തേരിവിള സ്വദേശിനി സുനിത ഇന്നലെ മരിച്ചു. ഇവരുടെ വീട്ടിലെത്തിയതായിരുന്നു ജലജനും പ്രതികളും. മരണവീട്ടിൽ നിന്നു പുറത്തിറങ്ങി റോഡിൽ നിർത്തിയിരുന്ന തന്റെ കാറിൽ കയറാൻ ഒരുങ്ങവേ സുനിലുമായി വാക്കു തർക്കമുണ്ടായി. ഈ സമയം മരണ വീട്ടിൽ നിൽക്കുകയായിരുന്ന സാബുവിനെ സുനിൽ ഫോണിൽ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരുമായി ഉണ്ടായ വാക്കേറ്റമാണു കൊലയിൽ കലാശിച്ചത്. സംഭവശേഷം പ്രതികളിലൊരാളായ സുനിൽകുമാർ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ഹാജരായി.
