നെയ്യാറ്റിൻകര: സ്കൂട്ടർ യാത്രയ്ക്കിടെ ആഴമുള്ള കനാലിൽ വീണ വയോധികനെ ഫയർ ഫോഴ്സ് രക്ഷിച്ചു. നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശി അപ്പു (66) ആണ് വീണത്. ഇന്നലെ രാവിലെ എട്ടരയോടെ ആറാലുംമൂട് ബ്ലോക്ക് ഓഫിസിനു സമീപത്താണ് സംഭവം. അപ്പു, സ്കൂട്ടറുമായി വീഴുന്നത് അതുവഴി കടന്നു പോയവർ കണ്ടില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ.റോഡ് നിരപ്പിൽ നിന്ന് 40 അടിയോളം ആഴമുണ്ട് ഈ കനാലിന്. കാടു പിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും കിടക്കുകയാണ് ഇവിടെ. സംഭവം അറിഞ്ഞ് അപ്പുവിനെ രക്ഷിക്കാൻ നാട്ടുകാർ മുന്നോട്ടു വന്നെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ഫയർ ഫോഴ്സ് എത്തിയതും നെറ്റ് ഉപയോഗിച്ചു കരയിൽ കയറ്റിയതും. വാഹനത്തെയും ഫയർ ഫോഴ്സ് പുറത്തെടുത്തു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ രാജശേഖരൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫിസർ ജി.എസ്.ആനന്ദ് ആണ് കനാലിൽ ഇറങ്ങിയത്. ഫയർ ഓഫിസർ അനൂപ് ഘോഷ്, രതീഷ്, രജിത്ത്, വിനീഷ്, ഷിജു, ഹോം ഗാർഡ് വനജ കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
