കാട്ടാക്കട : മുതിയാവിള കാവുവിള വാടക വീടിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായമുരളി(39)യുടെ മരണം കൊലപാതകം. ക്രൂര മർദനമാണു ജീവൻ നഷ്ടപ്പെടാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം ഡോക്ടർമാർ നൽകിയ പ്രാഥമിക വിവരമെന്നു പൊലീസ്. മായയ്ക്ക് ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ രഞ്ജിത്ത്(31)നെ പൊലീസ് തിരയുന്നു. സംഭവ ദിവസം വീട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
8 ന് രാത്രി മായ കൊല്ലപ്പെട്ടു എന്നാണ് അന്വേഷണ സംഘം കരുതുന്നത്. രാത്രി 9 മണിയോടെ മായയും രഞ്ജിത്തും തമ്മിൽ വാക്കേറ്റമുണ്ടായി. രഞ്ജിത്തിന്റെ മർദനത്തിൽ നിന്നും രക്ഷപ്പെടാൻ വീടിനു പുറത്തേക്ക് ഓടി. പിന്നാലെ ചെന്ന് രഞ്ജിത്ത് മർദിച്ചു. വീട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ബന്ധുവായ യുവാവിനെയും മർദിച്ചു. ഇതിനു ശേഷം രഞ്ജിത്ത് കടന്നുകളഞ്ഞു.
രഞ്ജിത്ത് തന്റെ ഓട്ടോറിക്ഷ ചൂണ്ടുപലകയ്ക്ക് സമീപം ഒരു ഹോട്ടലിനു പിന്നിൽ ഉപേക്ഷിച്ചാണ് മുങ്ങിയത്. ഇയാളുടെ മൊബൈൽ ഫോണും ഉപേക്ഷിച്ചു. മായയുടെ ആദ്യ വിവാഹത്തിൽ 2 മക്കളുണ്ട്. ഒരാൾ ഓട്ടിസം ബാധിച്ച് ചികിത്സയിലാണ്. മക്കളെ തനിക്കൊപ്പം നിർത്താൻ ആയിരുന്നു മായയ്ക്ക് ആഗ്രഹം. എന്നാൽ രഞ്ജിത്ത് താൽപര്യം കാണിച്ചില്ല. മക്കളുമായാണ് 8 മാസം മുൻപ് രഞ്ജിത്തിനൊപ്പം മായ പോയത്. 2 ദിവസം മുൻപ് മായയുടെ മൂത്തമകളെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെയെത്തി കുഞ്ഞിനെ കണ്ട മായയെ രഞ്ജിത്ത് ഇളയ മകളുടെ മുന്നിൽ വച്ച് മർദിച്ചെന്നും പരാതിയുണ്ട്.
