നെയ്യാറ്റിൻകര നഗരത്തെ ആനന്ദ ലഹരിയിൽ ആറാടിച്ച് ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര നടന്നു.
നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാർ ഭക്തരുടെ മനം കവർന്നു
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനം ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരത്തെ ആനന്ദ ലഹരിയിൽ ആറാടി ബാലഗോകുലം ശോഭാ യാത്ര സംഘടിപ്പിച്ചു.
നെയ്യാറ്റിൻകരയുടെ വിവിധ മേഖലകളായ പെരുമ്പഴുതൂർ ,അമരവിള, രാമേശ്വരം, പിരായുംമൂട്, ആറാലുംമൂട് , ഠൗൺ എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ചെറുശോഭാ യാത്രകളായി ദ്വാരകാപുരിയായ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ സംഗമിച്ചു.


തുടർന്ന് വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ചു. ചെങ്കൽ മഹേശ്വരം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ ഭദ്രദീപം കൊളുത്തി മഹാ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായ എസ് കെ ജയകുമാർ, ആർ നടരാജൻ ,മഞ്ചത്തല സുരേഷ്, മുണ്ടനാട് സുരേഷ്, ഇരുമ്പിൽ രാജീവ്, ആലം പൊറ്റ ശ്രീകുമാർ. കോയിക്കൽ സൂരജ്, ഗിരിഷ്ചന്ദ്രൻ എന്നിവർ ശോഭായാത്രയ്ക്ക് നേതൃത്വം നൽകി.
ഗോപികാ നൃത്തത്തിൻ്റെയും, പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോട് കൂടി ആരംഭിച്ച ശോഭായാത്രയിൽ നൂറ് കണക്കിന് കൃഷ്ണ,രാധാ വേഷധാരികളും, പുരാണ കഥാപാത്രങ്ങളും അണിനിരന്നു. ഭജന സംഘങ്ങളുടെ മേളക്കൊഴുപ്പോടെ ആരംഭിച്ച ശോഭായാത്ര നഗരം ചുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വരവേല്പ് നൽകി..
തുടർന്ന് സാംസ്ക്കാരിക, ചിത്രരചന പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും, പ്രസാദ വിതരണവും നടന്നു.
