പീഡനപരാതി; ബാങ്ക് ജീവനക്കാരൻ റിമാൻഡിൽ.
സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബാങ്കിലെ ജീവനക്കാരൻ വിഴിഞ്ഞം ചപ്പാത്ത് സ്വദേശി സുരേഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ ജീവനക്കാരനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കാട്ടി, പരാതിക്കാരി മുഖ്യമന്ത്രിക്കും നിയമസഭ പെറ്റിഷൻ കമ്മിറ്റിക്കും ഉൾപ്പെടെ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ഡിസംബർ 12ന് ആണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. അതിജീവിത ബാങ്കിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി 5 ദിവസത്തിനു ശേഷം സുരേഷിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ അതിജീവിതയെയും പുറത്താക്കി. നിയമനവുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരുന്നു ബാങ്കിന്റെ നിലപാട്.
