കോവളം ∙ വെങ്ങാനൂരിലെ മൈക്രോ വാട്ടർ സപ്ലൈ സ്കീമിനോടനുബന്ധിച്ച കിണർ ഇടിഞ്ഞു താണു. സമീപത്തെ ജലസംഭരണി ഉൾപ്പെടെ തകർച്ചാ ഭീഷണിയിലെന്നു ആശങ്ക. കിണർ ഇടിഞ്ഞതോടെ ഗാർഹിക ഉപഭോക്താക്കളുൾപ്പെടെ ഏറെപ്പേർക്ക് ശുദ്ധജലം ലഭിച്ചിരുന്ന സ്രോതസ്സ് ഇല്ലാതായി. നാളുകളായി പമ്പിങ് നിലച്ച പദ്ധതിയുടെ ശോച്യാവസ്ഥ സംബന്ധിച്ചു 17ന് മലയാള മനോരമ വാർത്ത നൽകിയിരുന്നു. ഉടൻ പരിഹരിക്കാമെന്നു അധികൃതർ അറിയിച്ചിരുന്നു.
അതിനിടെയാണ് കഴിഞ്ഞ ദിവസം പലർച്ചെ കിണർ പൂർണമായി ഇടിഞ്ഞു താണത്. കിണറിനു സമീപത്തെ ചെറിയ ജലസംഭരണിയുൾപ്പെട്ട ടവറും തകർച്ചാ ഭീഷണിയിലാണെന്നു പരിസരവാസികൾ പറയുന്നു. വെങ്ങാനൂർ–വിഴിഞ്ഞം റോഡിനോടു ചേർന്നാണ് കിണർ. ഇടിഞ്ഞു താണ സ്ഥലത്ത് വലിയ ഗർത്തം രൂപപ്പെട്ടിരിക്കെയാണ്.പാതയോരത്തായതിനാൽ അപകടസൂചന മുന്നറിയിപ്പു വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
എപ്പോഴും ജല ലഭ്യതയുള്ള ഈ ലഘു ജല വിതരണ പദ്ധതിയിൽ നിന്നു വെങ്ങാനൂർ ടൗൺ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വീടുകൾ, കടകമ്പോളങ്ങൾ എന്നിവയ്ക്ക് യഥേഷ്ടം ശുദ്ധജലം ലഭിച്ചിരുന്നു. വിഴിഞ്ഞം തീരപ്രദേശത്തു നിന്നും ആൾക്കാരെത്തി ഇവിടുത്തെ പൊതു ടാപ്പിലെ ജലം ശേഖരിച്ചിരുന്നു. 70 വർഷത്തോളം പഴക്കമുള്ള പൊതു കിണറിനെ സ്രോതസ്സാക്കി 1997–98 കാലത്ത് വരൾച്ചാ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്.
