നെയ്യാറ്റിൻകര : ബജറ്റ് ടൂറിസത്തിനു പിന്നാലെ ഗാനവണ്ടിയുമായി കെഎസ്ആർടിസി. ഇനിയുള്ള ഉത്സവരാവുകളിൽ കെഎസ്ആർടിസിയിലെ കലാകാരന്മാരും കലാകാരികളും ശ്രവ്യസുന്ദരമായ ഗാനങ്ങളുമായി എത്തും.
അവരുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടാകും. പാടിയും പശ്ചാത്തലസംഗീതമൊരുക്കിയും അവർ നിങ്ങളെ സംഗീതലോകത്തെത്തിക്കും. ആദ്യമായി ഗാനവണ്ടി ഉച്ചക്കട നെല്ലിക്കോണം ദുർഗ, ധർമശാസ്താ ക്ഷേത്രത്തിൽ അരങ്ങേറി.
പ്രതിമാസശമ്പളം മുടങ്ങിയിരുന്ന കെഎസ്ആർടിസി ജീവനക്കാരെ കരകയറ്റിയത് ബജറ്റ് ടൂറിസമായിരുന്നു. ഇതിനു പിന്നാലെയാണ് വരുമാനത്തിന്റെ പുതിയ മാർഗമായി കെഎസ്ആർടിസി ഗാനവണ്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ആശയത്തിലുദിച്ച പദ്ധതിയാണ് ഗാനവണ്ടി. കെഎസ്ആർടിസിയിലെ 16 പേരാണ് ആദ്യ ഗാനവണ്ടി സംഘത്തിലെത്തിയത്. ഇതിനു പുറമേ കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങളും അണിനിരക്കും.
ഗാനഗന്ധർവ സംഗീതപരിപാടിയിലെ വിജയിയായിരുന്ന പാപ്പനംകോട് ഡിപ്പോയിൽ മിനിസ്റ്റീരിയൽ ജീവനക്കാരനായ ശ്രീതു മോഹനാണ് നേതൃത്വം നൽകുന്നത്.
സിറ്റി യൂണിറ്റിലെ കണ്ടക്ടർ ഷാജു രാഘവൻ, എടപ്പാൾ റീജണൽ വർക്ഷോപ്പിലെ അനീഷ് പി., പാലാ യൂണിറ്റിലെ കണ്ടക്ടർ പ്രതീഷ് പി.വാസ്, കൊട്ടാരക്കര യൂണിറ്റിലെ ഡ്രൈവർ ഉണ്ണി, പാലോട് യൂണിറ്റിലെ കണ്ടക്ടർ പ്രിൻസ്, ആറ്റിങ്ങൽ യൂണിറ്റിലെ കണ്ടക്ടർ രോഷ്നി, പൂവാർ യൂണിറ്റിലെ കണ്ടക്ടർ സജിതകുമാരിയുടെ മകൾ ദേവിക, നെടുമങ്ങാട് യൂണിറ്റിലെ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ മകൾ ശ്രുതി, നീലാംബരി, സുരേഷ്കുമാർ, ലേഖ, ലെഘൻ, ലിബിൻ അപ്പുക്കുട്ടൻ, നവമി എന്നിവർ ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും.
സംഗീതസംവിധായകൻ സുജിൻ ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര നയിക്കുന്നത്.
ഗാനവണ്ടിയുടെ അവതാരകർ നെയ്യാറ്റിൻകര യൂണിറ്റിലെ ഡ്രൈവർ എസ്.എസ്.സജികുമാറും ചീഫ് ഓഫീസിലെ ക്ലർക്ക് ബി.കെ.ലക്ഷ്മിയുമാണ്. മാനേജർ കെഎസ്ആർടിസി ചീഫ് ലോ ഓഫീസർ പി.എൻ.ഹേനയും അസിസ്റ്റന്റ് മാനേജർ ഡിപ്പോ എൻജിനിയർ എം.നിസ്താറുമാണ്.
പ്രോഗ്രാം കോഡിനേറ്റർ തിരുവനന്തപുരം സിറ്റി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ എൻ.കെ.രഞ്ജിത്താണ്. ഗാനവണ്ടി ഉത്സവപ്പറമ്പുകളിൽ മാത്രമല്ല, എല്ലാ ആഘോഷവേളകളിലും ഗാനങ്ങൾ അവതരിപ്പിക്കാനെത്തും. വിവരങ്ങൾക്ക്: 9846067232, 9744067232.
