തിരുവനന്തപുരം :മൂന്നാം ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി പൊലീസ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.
ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായകമായ ചാറ്റുകൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഈ നീക്കം നടത്തുന്നത്. അറസ്റ്റ് സമയത്ത് ഫോൺ കൈവശം വെക്കാൻ രാഹുൽ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അനുവദിച്ചിരുന്നില്ല. തുടർന്നാണ് മുറിയിൽ നിന്ന് ഇത് കണ്ടെടുത്തത്.
കേസിൽ നിർണ്ണായകമെന്ന് കരുതുന്ന രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്താനാണ് അടുത്ത നീക്കം. ഇതിനായി പാലക്കാട്, വടകര എന്നിവിടങ്ങളിലും രാഹുലുമായി ബന്ധമുള്ള മറ്റ് സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും.
അന്വേഷണത്തിന്റെ ഭാഗമായി രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നാണ് കനത്ത സുരക്ഷയോടെ അദ്ദേഹത്തെ ഇവിടെ എത്തിച്ചത്. തെളിവെടുപ്പിന് ശേഷം തിരികെ ക്യാമ്പിലെത്തിക്കുന്ന രാഹുലിനെ പ്രത്യേക അന്വേഷണ സംഘം ഇന്നും വിശദമായി ചോദ്യം ചെയ്യും.
