തിരുവനന്തപുരം: കോൺഗ്രസ് പ്രസ്ഥാനത്തിനെതിരെയുള്ള നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി കോൺഗ്രസ് സേവാദൾ യങ് ബ്രിഗേഡ്. മന്ത്രി ഇനിയും “ആശുപത്രി നാടകവുമായി ” മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ പ്രസ്ഥാനത്തെ സംരക്ഷിക്കാൻ തങ്ങൾ സജ്ജമാണെന്ന് സേവാദൾ യങ് ബ്രിഗേഡ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനൂപ് പകൽകുറി പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രിയുടെ നിലപാടുകൾ കോൺഗ്രസിനെതിരെയുള്ള പോർവിളിയായി മാറിയാൽ അത് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് സംഘടന വ്യക്തമാക്കി. സേവാദൾ പ്രവർത്തകരുടെ കയ്യിലുള്ള ‘ദണ്ഡ്’ വെറുമൊരു മാർച്ചിനുള്ള ഉപകരണം മാത്രമല്ലെന്ന് അനൂപ് പകൽകുറി ഓർമ്മിപ്പിച്ചു.
“പ്രസ്ഥാനത്തിന് സംരക്ഷണം ഒരുക്കാൻ സേവാദൾ യങ് ബ്രിഗേഡിന്റെ ചുണക്കുട്ടികൾക്ക് അറിയാം. ദണ്ഡ് ഉപയോഗിച്ച് മാർച്ച് നടത്താൻ മാത്രമല്ല, അക്രമം അഴിച്ചുവിടുന്നവർക്കെതിരെ അത് പ്രയോഗിക്കാനും ഞങ്ങൾക്ക് മടിയില്ല.”
മന്ത്രിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും .
