നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ യു.ഡി.എഫിലെ എൻ.ശക്തൻ 6966 വോട്ടുകൾക്ക് വിജയിച്ചെങ്കിലും അതിയന്നൂർ പഞ്ചായത്തിലും നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തും മേൽക്കൈ നേടാനായില്ല. എന്നാൽ, എൻ.ശക്തന് തിരിച്ചുവരവിന് കളമൊരുക്കിയത് ചെങ്കൽ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതുമുതലാണ്. പിന്നെയങ്ങോട്ട് യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞില്ല.
ഒന്നുമുതൽ 24 വരെ ബൂത്തുകൾ അതിയന്നൂർ പഞ്ചായത്തിലാണ്. ഇവിടെ എൽ.ഡി.എഫിലെ കെ.ആൻസലൻ 6438 വോട്ടുകൾ നേടിയപ്പോൾ യു.ഡി.എഫിലെ എൻ.ശക്തന് 5894 വോട്ടുകളേ നേടാനായുള്ളൂ.
അതിയന്നൂർ പഞ്ചായത്ത് നിലവിൽ ബി.ജെ.പി.യാണ് ഭരിക്കുന്നത്. എന്നാൽ, എൻ.ഡി.എ.യിലെ ചെങ്കൽ രാജശേഖരന് 3493 വോട്ടുകളേ നേടാനായുള്ളൂ. ആൻസലനും ശക്തനും പിറകിൽ മൂന്നാമതായാണ് ചെങ്കൽ രാജശേഖരൻ അതിയന്നൂരിലെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ എത്തിയത്. അതിയന്നൂർ പഞ്ചായത്തിലെ 24 ബൂത്തുകളും രണ്ട് റൗണ്ടുകളായാണ് എണ്ണിയത്.
25 മുതൽ 97 ബൂത്തുകളാണ് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തുള്ളത്. ഇവിടെയും എൽ.ഡി.എഫിലെ കെ.ആൻസലൻ മേൽക്കൈ നേടി.
നഗരസഭയിൽ 17161 വോട്ടുകൾ എൽ.ഡി.എഫ്. നേടിയപ്പോൾ യു.ഡി.എഫിന് 16176 വോട്ടുകളും എൻ.ഡി.എ.യ്ക്ക് 8033 വോട്ടുകളുമേ നേടാനായുള്ളൂ. എൽ.ഡി.എഫിനെ അപേക്ഷിച്ച് നഗരസഭയിൽ ആറ്, ഏഴ് റൗണ്ടുകളിൽ യു.ഡി.എഫിനാണ് മേൽക്കൈയുണ്ടായിരുന്നത്. നഗരസഭയിലെ ഇളവനിക്കര, മുട്ടയ്ക്കാട്, കൊല്ലവംവിള, തൊഴുക്കൽ, വഴുതൂർ, ഇരുമ്പിൽ, കൂട്ടപ്പന വാർഡുകളിലാണ് യു.ഡി.എഫിന് മേൽക്കൈ ഉണ്ടായത്.
എൽ.ഡി.എഫ്. സ്ഥാനാർഥി കെ.ആൻസലന്റെ ബൂത്ത് നഗരസഭയിലെ വഴുതൂർ വാർഡിലാണ്. ബൂത്ത് നമ്പർ 73-ലെ വോട്ടറായ ആൻസലന്‍ സ്വന്തം ബൂത്തിൽ 285 വോട്ടുകളെ നേടാനായുള്ളൂ. എന്നാൽ, യു.ഡി.എഫിലെ എൻ.ശക്തന് ഇവിടെ 389 വോട്ടുകൾ നേടാനായി. എൻ.ഡി.എ.യ്ക്ക് 54 വോട്ടും ലഭിച്ചു.
ചെങ്കൽ പഞ്ചായത്തിലെ 98 മുതൽ 134 ബൂത്തുകളിലായുള്ള വോട്ട് എണ്ണിത്തുടങ്ങിയതോടെ കെ.ആൻസലന്റെ ലീഡ് കുറഞ്ഞ് എൻ.ശക്തന് ലീഡുണ്ടായി. ചെങ്കലിലെ ഒൻപത്, 10, 11, 12 റൗണ്ടുകളിലായി വോട്ടെണ്ണൽ പൂർത്തിയായതോടെ യു.ഡി.എഫ്. രണ്ടായിരത്തിന് അടുത്ത് ഭൂരിപക്ഷത്തിലേക്ക് ഉയർന്നു.
ചെങ്കൽ പഞ്ചായത്തിൽ എൻ.ശക്തൻ 9598 വോട്ടുകൾ നേടിയപ്പോൾ കെ.ആൻസലൻ 8817 വോട്ടുകളേ നേടിയുള്ളൂ. ചെങ്കൽ രാജശേഖരന്റെ ജന്മനാടായ ചെങ്കലിൽ എൻ.ഡി.എ.യ്ക്ക് 3950 വോട്ടുകളേ നേടാനായുള്ളൂ.
135 മുതൽ 150 വരെ ബൂത്തുകളുള്ള തിരുപുറം പഞ്ചായത്തിലെത്തുമ്പോൾ എൻ.ശക്തന്റെ നില കൂടുതൽ മെച്ചപ്പെട്ടു. തിരുപുറം പഞ്ചായത്തിൽ എൻ.ശക്തൻ 8840 വോട്ടുകൾ നേടിയപ്പോൾ കെ.ആൻസലന്‍ 6128 വോട്ടേ നേടാനായുള്ളൂ. തിരുപുറത്തുനിന്ന് കുളത്തൂർ പഞ്ചായത്തിലെത്തിയപ്പോൾ ശക്തൻ ഭൂരിപക്ഷം വീണ്ടും കൂട്ടി.
151 മുതൽ 180 വരെ ബൂത്തുകളുള്ള കുളത്തൂർ പഞ്ചായത്തിൽ എൻ.ശക്തൻ 7115 വോട്ടുകളാണ് നേടിയത്. എന്നാൽ, കെ.ആൻസലൻ 4953 വോട്ടുകളാണ് ഇവിടെ നേടിയത്.
കുളത്തൂർ പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴേക്കും യു.ഡി.എഫ്. ക്യാമ്പിന് ആശ്വാസമായി. 181 മുതൽ 214 ബൂത്തുകളുള്ള കാരോട് പഞ്ചായത്താണ് അവസാനം എണ്ണിയത്. കാരോട് പഞ്ചായത്തിൽ എൻ.ശക്തൻ 9266 വോട്ടുകൾ നേടിയതോടെ വിജയം ഉറപ്പാക്കി. ഇവിടെ കെ.ആൻസലൻ നേടിയത് 6915 വോട്ടുകൾ മാത്രമാണ്. ഈ പഞ്ചായത്തിൽ എൻ.ഡി.എ.ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനുമായില്ല. ചെങ്കൽ രാജശേഖരന് 2548 വോട്ടുകൾ മാത്രമാണ് കാരോട് പഞ്ചായത്തിൽനിന്നു ലഭിച്ചത്.
