
തിരുവനന്തപുരം എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് പിന്തുണയുമായി സിജെപി കേരള ഘടകത്തിന്റെ നിരാഹാര സത്യഗ്രഹം തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിൽ രാവിലെ എട്ടു മുതലാണ് 12 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചത്. സിജെപി സൗത്ത് സോൺ കോർഡിനേറ്റർമാരാണ് സമരപ്പന്തലിൽ എത്തിയത്. പഠിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തിയവർ നിയമനം കിട്ടാൻ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയാണെന്ന് സിജെപി നേതാക്കൾ പറഞ്ഞു.
എൽപിഎസ്ടി പ്രതിഷേധക്കാർക്ക് നീതി ഉറപ്പാക്കുന്നതു വരെ സമരരംഗത്തുണ്ടാകുമെന്നും അവർ വ്യക്തമാക്കി. സമരം 123–ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പിന്തുണയുമായി സിജെപി രംഗത്തെത്തിയത്. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധാർഷ്ട്യമാണെന്ന് സമരസമിതി നേതാവ് വളർമതി പ്രതികരിച്ചു. പ്രശ്നം പരിഹരിക്കാൻ മനസ്സില്ലെന്നു പറയുന്നതിനു തുല്യമായ വാദമാണത്. അത് അംഗീകരിക്കില്ല

അനുപാതം കുറയ്ക്കുക എന്നതു മാത്രമാണ് ശാശ്വത പരിഹാരം. അതു നടപ്പിലാക്കുന്നത് വരെ ഏതറ്റം വരെ പോകേണ്ടി വന്നാലും ശക്തമായി സമരം തുടരും. ന്യായമായ ആവശ്യമാണോ ഉന്നയിക്കുന്നത് എന്ന് പോലും പരിശോധിച്ചിട്ടില്ല. പ്രതിപക്ഷത്ത് ഇരുന്നപ്പോൾ ന്യായമായ ആവശ്യമാണെന്ന് തോന്നിയത് ഇപ്പോഴെന്താണു മാറുന്നതെന്നു വളർമതി ചോദിച്ചു. വോട്ട് കിട്ടാൻ വേണ്ടിയുള്ള വാക്കുകളാണെങ്കിൽ ജനം വിലയിരുത്തും. അനുപാതം കുറച്ചുള്ള ഉത്തരവ് ലഭിക്കാതെ സമരം അവസാനിപ്പിക്കുന്ന പ്രശ്നമില്ലെന്നും വളർമതി പറഞ്ഞു.
