വെള്ളറട : മലയോരത്ത് കോവിഡ് വ്യാപനം കൂടിയിട്ടും സുരക്ഷാമാനദണ്ഡങ്ങൾ പലതും പാലിക്കപ്പെടുന്നില്ലെന്ന് പരാതി. കടകളുടെ പ്രവർത്തനം രാത്രി ഏഴുവരെയാക്കിയെങ്കിലും വിവാഹച്ചടങ്ങുകളിലെ ആൾക്കാരുടെ തിരക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം വെള്ളറട ജങ്ഷന് സമീപത്തെ ഹാളിൽ നടന്ന വിവാഹച്ചടങ്ങുകളിൽ ആയിരത്തോളംപേർ പങ്കെടുത്തതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് എത്തിയ വെള്ളറട പോലീസ് കേസെടുത്തു. ദിവസങ്ങൾക്കുമുമ്പ് ആനപ്പാറയിൽ നടന്ന വിവാഹ പാർട്ടിയലും നിരവധിപേർ പങ്കെടുത്തു. പ്രധാന കവലകളിൽ തിരക്ക് കുറഞ്ഞെങ്കിലും പൊതു ചന്തകളിലും പാതയോര ചന്തകളിലും സാമൂഹികാകലവും കച്ചവടക്കാർ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള സുരക്ഷകൾ പാലിക്കപ്പെടുന്നില്ല. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ തുടക്കത്തിൽ കടകളിൽ പോലീസ് പരിശോധന നടത്തി മാസ്ക് ധരിക്കാത്തവർക്കെതിരേ പിഴ ഈടാക്കിയെങ്കിലും ഇപ്പോൾ അതൊക്കെ നിലച്ച മട്ടിലാണ്. കൂടാതെ തിരക്കുള്ള ചടങ്ങുകളിൽ ആരോഗ്യപ്രവർത്തകരുടെ കാര്യമായ ഇടപെടലും ഉണ്ടാകുന്നില്ലെന്ന ആരോപണവുമുണ്ട്. കോവിഡ് പരിശോധന വർധിപ്പിച്ചതോടെ രോഗികളുടെ എണ്ണവും കൂടി. വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആനപ്പാറ വനം വകുപ്പിന്റെ കമ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രഥാമിക ചികിത്സാകേന്ദ്രത്തിൽ ആകെയുള്ള 85 കിടക്കയിലും രോഗികളായി.
